Pages

29 January 2014

കഥകള്‍ ഉണ്ടാകുന്നത്(ഗുല്‍മോഹറില്‍ വന്ന എന്റെ കഥ)

ഞാന്‍ ഇപ്പോള്‍ ഈ ഊടുവഴികളും ചേരികളും താണ്ടി നടന്നു പോകുന്നത് എന്റെ കഥയിലെ നായകന്റെ വീട്ടിലേയ്ക്കാണ്. പ്രശസ്തമായ ഒരു മാഗസിന്റെ കഥാരചന മത്സരത്തില്‍ വിജയിയായതിനു ലഭിച്ച ചെക്ക് ഇന്നലെയാണ് മാറികിട്ടിയത്. പലപ്പൊഴും ആയിരത്തിന്റെ പച്ചനോട്ടുകള്‍ക്കു നഷ്ടങ്ങളുടെ പകരമാകാന്‍ കഴിയില്ല എന്നറിയാമെങ്കിലും.
ഒരു പാട് ദൂരമുണ്ട് നടക്കാന്‍, മുഷിപ്പകറ്റാന്‍ ഞാന്‍ അവന്റെ കഥ പറയാം. അവന്‍ രാഹുല്‍. പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു ബീഹാറിപയ്യന്‍. ഹോസ്പിറ്റല്‍ ലൈഫിന്റെ മുഷിപ്പിനിടയില്‍ ഏതോ നൈറ്റ്‌ ഡ്യൂട്ടിക്കിടയിലാണ് അവന്‍ ആദ്യമായി സംസാരിക്കുന്നത്. അന്നു വരെ അവന്‍ പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഒരു കൊലപ്പുള്ളി മാത്രമായിരുന്നു, പലപ്പോഴും അടുത്ത് പോകാന്‍ പോലും ഭയന്നിരുന്നു. കാന്‍സര്‍ വാര്‍ഡിലെ ഇരുമ്പുകട്ടിലില്‍ തുന്നികെട്ടിയ തലയുമായി ഇരുന്ന അവന്‍ ഒരു കുറ്റവാളിയാണെന്ന് എനിക്ക് വിശ്വാസം വന്നില്ല.
അന്ന് രാത്രി അവന്‍ അവന്റെ കഥ പറഞ്ഞു. സുഖമില്ലാത്ത അമ്മയുടെ ചികിത്സക്കു വേണ്ടിയാണു അവന്‍ ആ സ്കൂള്‍ ജീവിതം അവസാനിപ്പിച്ച്‌ ആ പലചരക്ക് കടയില്‍ ജോലിക്ക് കയറിയത്, ജീവിതത്തില്‍ സ്വപനങ്ങള്‍ വീണ്ടും വിരുന്നെത്തുകയായിരുന്നു . രാത്രി വൈകും വരെ ജോലി കഴിഞ്ഞാല്‍ മറ്റു ജോലിക്കാര്‍കൊപ്പം കടയ്ക്കുള്ളില്‍ തന്നെ ഉറക്കം. ഏതോ നശിച്ച ഒരു രാത്രിയില്‍ കടയ്ക്കുള്ളില്‍ വെച്ച് മുതലാളി കുത്തേറ്റു മരിച്ചു. കട കൊള്ളയടിക്കപെട്ടു. തെളിവുകളും സാക്ഷികളും ഇല്ലാത്ത കേസില്‍ സംശയത്തിന്റെ പേരില്‍ അവനും പ്രതിയായി.
ഈ വഴിയിവിടെ അവസാനിക്കുകയാണ്. അവിടെ കാണുന്ന ആ ചെറിയ ഷെഡ്‌ ആണ് അവന്റെ വീട്. ഒരു മഴയ്ക്ക്‌ നിലം പതിച്ചേക്കാവുന്ന ഒരു കൂര. മുറ്റത്തെത്തി മുരടനക്കിയപ്പോള്‍ അവന്റെ അമ്മ ഇറങ്ങി വന്നു. കണ്ടപാടെ അവര്‍ “ബേട്ടീ…!” എന്ന് വിളിച്ചു കരയാന്‍ തുടങ്ങി. പിന്നെ ധൃതിയില്‍ കണ്ണ് തുടച്ച് എന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി വരാന്തയിലെ പഴയ കയറ്റു കട്ടിലില്‍ ഇരുത്തി. ഒരു ചായ തരാന്‍ പോലും കഴിയാത്തതില്‍ അവര്‍ സങ്കടപെട്ടപ്പോള്‍ ഞാന്‍ അവരെ എന്റെ അരികില്‍ ഇരുത്തി. കയ്യില്‍ കരുതിയ നോട്ടുകള്‍ അവരുടെ കയ്യില്‍ വെച്ചു കൊടുത്തു. അവര്‍ അതില്‍ നോക്കി വിങ്ങി പൊട്ടിയപ്പോള്‍ ശ്രദ്ധ തിരിക്കാനായി ഞാന്‍ അവന്റെ ഒരു ഫോട്ടോ ചോദിച്ചു. പഴയ തുണികെട്ടുകള്‍ക്കിടയില്‍ നിന്ന് അവര്‍ എനിക്ക് ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ തന്നു. അവന്റെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് നോക്കി ഇരിക്കുമ്പോള്‍ ഫോട്ടോയ്ക്ക് ജീവന്‍ വെയ്ക്കുന്ന പോലെ തോന്നി.
യാത്ര പറഞ്ഞിറങ്ങി തിരിച്ചു നടക്കുകയാണ്. സമയം സന്ധ്യയായിരിക്കുന്നു. ചക്രവാളത്തിലെ അരുണിമ, പടര്‍ന്നൊലിച്ച അവന്റെ രക്തത്തെ ഓര്‍മപെടുത്തിയപ്പോള്‍ ഞാന്‍ ഇരുളിലേയ്ക്കു നോക്കി നടക്കാന്‍ തുടങ്ങി. ഓര്‍മകളില്‍ അവന്‍ നിറയുകയാണ്. ജയിലില്‍ തലചുറ്റിവീണപ്പോഴാണ് അവന്‍ ആ ഹോസ്പിറ്റലില്‍ എത്തിക്കപ്പെട്ടത്. തലയില്‍ ട്യുമര്‍ വളരുന്നു എന്ന് കണ്ടെത്തിയപ്പോള്‍ സര്‍ജറി ചെയ്തു. തിരിച്ചു ജീവിതത്തിലേക്ക് വരുന്ന ദിവസങ്ങളില്‍ ആണ് ഞാന്‍ അവനെ പരിചയപ്പെട്ടത്‌. അതിന്റെ പിറ്റേന്നാണ് അവന്റെ അമ്മ വിവരമറിഞ്ഞ് വന്നത്. അവന്റെ കിടപ്പുകണ്ട് തളര്‍ന്നുവീണ ആ അമ്മ, ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് അവനെ തിരിച്ചു ജയിലില്‍ വിടരുതേ എന്നായിരുന്നു. പലപ്പോഴും വരാന്തയില്‍ ഇരുന്ന് പഴയ ഓയില്‍ സാരി കൊണ്ട് കണ്ണ് തുടയ്ക്കുന്ന അവരെ ഞാന്‍ കണ്ടിട്ടുണ്ട്, അവന്റെ മുന്നില്‍ അവര്‍ ചിരിച്ചു, കളി പറഞ്ഞു , ഭക്ഷണം നല്‍കി, ഉറക്കി. അവനു കാവല്‍ നിന്നിരുന്ന പോലീസ്കാര്‍ ഒരിക്കല്‍ പോലും അവരെ തടഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
നേരം ഇരുട്ടിയിരിക്കുന്നു . ഞാനും ഈ മഹാനഗരത്തിന്റെ നിയോണ്‍ വെളിച്ചത്തില്‍ ഒരു ചെറിയ പ്രാണിയാകുന്നു. ഒരു പാട് ദിവസത്തെ ലീവിന് ശേഷം ഇന്ന് വീണ്ടും ജോലിക്ക് ജോയിന്‍ ചെയ്യുകയാണ്. ഹോസ്പിറ്റലിന്റെ വലിയ ഗേറ്റ് കടന്നപ്പോള്‍ അപരചിതത്വം തോന്നി. എല്ലാവരെയും കണ്ടു പരിചയം പുതുക്കി യുനിഫോം ഇട്ടു ജോലിയ്ക്ക് കയറി. റൌണ്ട്സിനിറങ്ങിയപ്പോള്‍ പന്ത്രണ്ടാം നമ്പര്‍ മുറി മാത്രം ഒഴിഞ്ഞു കിടക്കുന്നു. അവനു ശേഷം ആരും വന്നിട്ടില്ലത്രേ. വാതില്‍ മെല്ലെ തുറന്നു ഞാന്‍ അകത്തേയ്ക്ക് നോക്കി, അവന്‍ ചുമരും ചാരി ഇരുന്ന് ‘ബഹന്‍..!’ എന്ന് വിളിക്കുന്ന പോലെ തോന്നി. വാതില്‍ അടച്ചു അവിടെ നിന്ന് ഓടുകയായിരുന്നു. വാഷ്‌റൂമിലെ കണ്ണാടിയില്‍ മുഖം നോക്കാന്‍ പോലും ഭയം തോന്നി .
തിരിച്ചുഡ്യുട്ടി റൂമില്‍ എത്തിയപ്പോള്‍ ആ മാഗസിന്‍ കിടക്കുന്നു. അവനെ കുറിച്ച് ഞാന്‍ എഴുതിയ കഥയും. വെറുതെ മറിച്ചു നോക്കി. ഏതോ ചിത്രകാരന്‍ വരച്ച പെന്‍സില്‍ ഡ്രോയിംഗ് അവനെ ഓര്‍മിപ്പിക്കുന്നു. ആ കഥയിലെ കൂട്ടിചേര്‍ക്കലുകളും പ്രണയവും വായിച്ചു തീര്‍ന്നപ്പോള്‍ കുറ്റബോധം തോന്നി. ഒരു കഥയ്ക്കുവേണ്ടി അവന്റെ ജീവിതം വളച്ചൊടിച്ചതില്‍ സ്വയം വെറുപ്പ്‌ തോന്നി. മാഗസിന്‍ തിരിച്ചു വെയ്ക്കുമ്പോഴാണ് ശിവനെ കണ്ടത് . അവന്‍ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു പോയി. അവന്‍ എന്തിനെയാണ് ഭയപെടുന്നത്? രാഹുലിനെ എന്നെ പോലെ തന്നെ ഇഷ്ടമായിരുന്നു ശിവനും. കുറെ ദിവസം അവനും ലീവ് ആയിരുന്നു എന്ന് കേട്ടിരുന്നു.
ആ ദിവസം ഇപ്പോഴും ഓര്‍മയില്‍ ഉണ്ട്. രാവിലെ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ ആണ് ഡോക്ടര്‍ അവനെ ഡിസ്റ്റാര്‍ജ് ചെയ്യുന്ന കാര്യം പറഞ്ഞത് . അവന്‍ പൂര്‍ണ്ണ ആരോഗ്യവാനയിട്ടും ഈ മൂന്നുമാസം അവനെ ഡിസ്റ്റാര്‍ജ് ചെയ്യാതിരുന്നതില്‍ ഡോക്ടറുടെ പങ്ക് മറ്റുള്ളവരെക്കാളും അറിയാവുന്നതിനാല്‍ ഒന്നും പറയാന്‍ തോന്നിയില്ല. നിരപരാധിയാണെന്ന ഉത്തമ ബോധ്യത്തോടെ അവനെ ജയിലില്‍ വിടാന്‍ എല്ലാവര്‍ക്കും സങ്കടം ഉണ്ടായിരുന്നു. അവന്റെ റൂമിന്റെ വാതിലില്‍ ചെന്നുനോക്കിയപ്പോള്‍ അവനെ കൊണ്ട് പോകാന്‍ തുടങ്ങുകയായിരുന്നു. കൈകളില്‍ വിലങ്ങുവെച്ചിരുന്നു. മുഖത്തേയ്ക്കു നോക്കിയപ്പോള്‍ അവന്‍ ദയനീയമായി ചിരിച്ചു. അരികില്‍ ചെന്ന് അവന്റെ മുടിയിഴകളില്‍ വിരലോടിച്ചുനെറ്റിയില്‍ ചുംബിച്ച് ഞാന്‍ പുറത്തേയ്ക്ക് ഓടി. കണ്ണുകള്‍ നിറഞ്ഞ് മുന്നിലെ വഴികള്‍ നഷ്ടമാകുന്നുണ്ടായിരുന്നു. അവന്റെ അമ്മ അപ്പോഴും പുറത്തിരുന്നു കരയുന്നുണ്ടായിരുന്നു.
കണ്ണീരു മുഴുവന്‍ ഷവറിനുകീഴെ കരഞ്ഞു തീര്‍ത്ത്‌ റൂമില്‍ വന്നപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു കൊണ്ടേ ഇരുന്നിരുന്നു. മറുതലയ്ക്കല്‍ നിന്നുകേട്ട വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതായിരുന്നു. കൊടുങ്കാറ്റിന്റെ വേഗത്തില്‍ ഹോസ്പിറ്റല്‍ ഗേറ്റ് കടന്നു ചെന്നപ്പോഴേക്കും അവന്‍ അവസാന ശ്വാസം വലിച്ചിരുന്നു. ജയിലേക്ക് ഇറങ്ങാന്‍ സമയം മൂത്രമൊഴിക്കാന്‍ എന്ന് പറഞ്ഞ് നടന്ന അവന്‍ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു എന്ന് കൂടി നിന്ന ആരോ പറഞ്ഞു. എന്റെ കണ്ണുകള്‍ മറഞ്ഞു പോകുന്നതും ഭൂമി കൂടുതല്‍ വേഗത്തില്‍ തിരിയുന്നതും ഞാന്‍ അറിഞ്ഞു.
ബോധം വന്നപ്പോള്‍ ഡ്രിപ്പ് ഇട്ടിരുന്നു. കഴിഞ്ഞ ശേഷം ഹോസ്പിറ്റലില്‍ നിന്നിറങ്ങുമ്പോള്‍ ഹൗസ് കീപ്പിങ്ങിലെ ലളിതച്ചേച്ചി ടൈല്‍സില്‍ കട്ട പിടിച്ച ചോര കഴുകികളയുകയായിരുന്നു.അവന്റെ ചോര തെറിച്ചെന്നപോലെ അരികില്‍ ഒരു പിടി തെച്ചിപൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു.
കഥ പറഞ്ഞ് നേരം പുലര്‍ന്നതറിഞ്ഞില്ല. ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു. ലിഫ്റ്റില്‍ കയറിയപ്പോള്‍ ശിവന്‍ ഓടി വന്നു. മലയാളികള്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തി അവന്‍ പറയാന്‍ തുടങ്ങി. രാഹുല്‍ മരിച്ച അന്ന് രാവിലെ റൂമില്‍ ചെന്നപ്പോള്‍ അവന്‍ ശിവന്റെ കൈ പിടിച്ചു കരഞ്ഞതും, ജയിലിലേക്ക് പോകാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചതും അവന്‍ പറഞ്ഞു. പോകുന്നതിനു മുന്‍പ് എന്തെങ്കിലും ചെറിയ പരിക്കുണ്ടാക്കിയാല്‍ മതി എന്ന് ചെവിയില്‍ രഹസ്യം പറഞ്ഞ് തിരിച്ചുപോന്ന ശിവന്‍ പിന്നെ കേട്ടത് അവന്റെ മരണവാര്‍ത്തയായിരുന്നു. കുറ്റബോധം കൊണ്ട് കരച്ചിലിന്റെ വക്കത്തുള്ള അവനെ ആശ്വസിപ്പിച്ചു. മറ്റാരോടും ഇക്കാര്യം പറയണ്ട എന്ന് ഓര്‍മിപ്പിച്ചിട്ടു തിരിച്ചിറങ്ങി നടക്കുമ്പോള്‍ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. മറുതലയ്ക്കല്‍ കഥയ്ക്കുള്ള അഭിനന്ദനങ്ങളാണ്, ചോരതുടിക്കുന്ന ഒരു കഥ എന്നൊക്കെ നിരൂപകര്‍ പോലും പറയുമ്പോള്‍ ഒരു അമ്മയുടെ കണ്ണീരാണ് ഞാന്‍ വിറ്റതെന്ന് എനിക്കുമാത്രമറിയാം. ഇപ്പോള്‍ നിങ്ങള്‍ക്കും.

4 comments:

 1. അവന്‍ തന്‍ ചോരതന്‍
  തണുപ്പ്
  മാരിയിട്ടില്ലിത് വരെ
  കയ്യിലും...എന്‍ നെഞ്ചിലും!!rr

  ReplyDelete
 2. കഥകള്‍ ഉണ്ടാകുന്നത്!!! ജീവിതത്തില്‍ നിന്നാണ്

  ReplyDelete
 3. ചോര തുടിക്കുന്ന ഈ കഥ എന്റെ ചോരയെയും...ത്രസിപ്പിച്ചോ...തണുപ്പിച്ചോ????

  ReplyDelete
 4. വളരെ നന്നായി എഴുതി...ആശംസകള്‍... :-)

  ReplyDelete