Pages

21 December 2013

എന്റെ ഫേസ്ബുക്ക്‌ കവിതകള്‍

കുമ്പസാരം മകരസന്ധ്യ നിന്‍ കവിള്‍ തുടുപ്പിച്ച 

രുധിര സിന്ധൂരം വിരലാല്‍ തൊടുന്നു ഞാന്‍

തരളമധരത്തില്‍ നല്കാതെ പോയൊരാ 

പ്രണയ ചുംബനം ഇന്നേറ്റു വാങ്ങു നീ 

പ്രണയ സൌഗന്ധിക പൂക്കളോരുപാട്

പൂത്തിരുന്നു അന്നെന്റെ വാടിയില്‍

മധുര മദുവിന്റെ മത്തേറ്റുപാറവെ

കാണാതെ പോയി ഞാന്‍ നീ തന്ന സ്നേഹം

പച്ച മാവിന്റെ വിറകിന്റെ ചൂടില്‍
 
എന്‍ കരള്‍ പോലെ നീ കത്തിയമരും മുന്പ്

ഒന്നുമാത്രം ,ഇനി നിന്റെ നെറ്റിയില്‍ 

എന്റെ വിരലാല്‍ ഒരു നുള്ള് സിന്ദൂരം
-----------------------------------------------------

 ആത്മകഥ


ഇനി എനിക്കായി ഒരു പകലില്ലെങ്ങില്‍

എഴുതാന്‍ മറന്ന എന്റ വാക്കുകളെ

ഞാന്‍ എന്ത് ചെയ്യും ?

ഈ രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍

നിറം പിടിക്കാത്ത പേനകൊണ്ട്

ഈ ആശുപത്രി കിടക്കയില്‍

കാര്‍ന്നു തിന്നുന്ന വേദനയില്‍

പൊട്ടിയൊലിക്കുന്ന കയ്യുമായി

എനിക്കിനി എഴുതി തീര്‍ക്കുവാനകുമോ

നിറം പിടിപ്പിക്കാത്ത ഒരു കഥ

എന്റെ ആത്മകഥ 
-----------------------------------------

തെറ്റ്


ഹൃദയത്തിന്റെ ഭാഷ തര്‍ജമ ചെയ്തപ്പോളും

ചുണ്ടില്‍ നിന്ന് ഹൃദയത്തിലേക്കുള്ള ദൂരം

അളക്കാന്‍ ശ്രമിച്ചപ്പോളുമാണ് നമുക്ക്

തെറ്റുകള്‍ പറ്റിപോയത്

-----------------------------------


ഉറവ 


ഹൃദയത്തിന്റെ ആഴങ്ങളില്‍

പണ്ട് ഒരു വേനലില്‍ വറ്റിയ

പ്രണയത്തിന്റെ കുളിരുള്ള

ഒരു ഉറവയുണ്ടായിരുന്നു

ചോരുന്ന ക്ലാസ്സ്മുറിയില്‍

കണ്ണുകള്‍ പറഞ്ഞ കഥയില്‍

നാം കണ്ട സ്വപ്‌നങ്ങള്‍

എനിക്ക് തന്ന ഒരു കുളിരുറവ

ചുട്ടുപൊള്ളുന്ന വേനലില്‍

മനം കുളിര്‍ത്ത മന്സൂണില്‍

വസന്തത്തിന്റെ ആഘോഷങ്ങളില്‍

നാം നീന്തിതുടിച്ചത് അതിലായിരുന്നു

ഒടുവില്‍ ഒരു കണ്ണ് നീര്‍ത്തുള്ളി

പകരം നല്‍കി നീ നടന്നകന്നപ്പോള്‍

വീണുടഞ്ഞ പ്രണയത്തിന്റെ

പൊട്ടിയ സ്പടിക ചീളുകളും

വിണ്ടു കീറിയ മനസ്സിലെ

കട്ടപിടിച്ച ചോരത്തുള്ളികളും

കൊണ്ടാണ് അത് അടച്ചു കളഞ്ഞത്  

ഇന്ന് നീ തുറന്നത് അതെ ഉറവയാണ്

ഒരു തുള്ളിയായ് ,പലതുള്ളിയായ്

ഹൃദയത്തില്‍ ഒഴുകി പരക്കുന്നത്

അതെ ഉറവയാണ്

എന്നില്‍ നിന്ന് നിന്നിലേക്കുള്ള

പ്രണയത്തിന്റെ വറ്റാത്ത ഉറവ

----------------------------------------

അഹങ്കാരി

മണ്ണില്‍ മുളയ്ക്കാന്‍ കൊതിച്ച കടുകിനെ

എണ്ണയിലാരോ പെറുക്കിയിട്ടു

തീ മൂത്ത ദേഷ്യത്തില്‍ പൊട്ടിത്തെറിച്ചവനെ

അഹങ്കാരി എന്ന് വിളിച്ചുലോകം

----------------------------------------------------------------------------------
നിന്നിലേക്ക്‌


നിന്റെ ശോഷിച്ച കയ്യിലെ രേഖകള്‍ പോലെ


നീണ്ടു പോകുന്ന മണ്‍പാതകള്‍

എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്

നിന്റെ കുഴിമാടം കണ്ടു

കാടുപിടിച്ച കരിങ്കല്‍ കല്ലറ

പൂത്തുനില്‍ക്കുന്ന കാട്ടുചെമ്പകം

വഴി വിരിച്ച് ഗുല്‍മോഹര്‍ പൂക്കള്‍

നീ ഉറങ്ങുകയാണ്‌ ,,

എന്റെ സ്വപ്നങ്ങളെ

ചിന്തകളെ ,,തൂലികയെ

എന്റെ വാകുകളെ

കരിങ്കല്‍ തടവിലിട്ട് നീ ഉറങ്ങുകയാണ്‌

എന്നെ തോല്‍പ്പിച്ചു കൊണ്ട്

കാലത്തിന്റെ കല്‍പടവുകള്‍ കയറി

ഞാന്‍ നിന്റെ അരികിലെത്തും

അന്നു നീ എനിയ്ക്ക് തിരിച്ചു തരിക

നീ കവര്‍ന്നു പോയ മനസ്സിനെ
------------------------------------------------

തത്വം
കണ്ണുനീര്‍ത്തുള്ളികള്‍ വീണുനനഞ്ഞ

വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് നീ

കുത്തിയൊലിച്ചു പോയ പ്രണയത്തിന്റെ 

മുറിവേരുകളില്‍ മരുന്നുവെയ്ക്കരുത്

ഒരു മഴക്കാലത്തിന്റെ ഇരുണ്ടരാത്രികളില്‍

കടപുഴകിഒഴുകി പോയതൊന്നും

വേനല്‍കാലത്ത്‌ തിരിച്ച് ഒഴുകാറില്ല 

----------------------------------------------------------

ഇനി ഞാന്‍ നടന്നകലട്ടെ
ഇനി ഞാന്‍ നടന്നകലട്ടെ

ഹൃദയത്തിന്റെ ഇരുളില്‍

ശ്വാസം മുട്ടി മരിച്ച എന്റെ സ്വപ്നങ്ങളെ

കുഴിവെട്ടി മൂടിയ തെമ്മാടികുഴിയിലൂടെ

ഇനി ഞാന്‍ നടന്നകലട്ടെ

ദൂരേക്ക്

ചക്രവാളങ്ങള്‍ക്ക് അപ്പുറതേയ്ക്കു

ഒരു നിഴലിന്റെ രൂപം പുതച്ച്/

ഇനി ഞാന്‍ നടന്നകലട്ടെ

------------------------------------------

മഴപെയ്യുമ്പോള്‍ 


ഇത്ര കാലം പെയ്തത്

മഴമാത്രമായിരുന്നു

നിറമില്ലാത്ത

മണമില്ലാത്ത

രുചിയില്ലാത്ത

കുളിരില്ലാത്ത

വെറും മഴ

നാം ഒരുമിച്ചു നനഞ്ഞപ്പോള്‍

മഴവില്ലിന്റെ നിറം

ചെമ്പകത്തിന്റെ ഗന്ധം

തേനിന്റെ മധുരം

മകരത്തിന്റെ കുളിര്

മഴ അങ്ങിനെയാണ്

മനസ്സു പോലെ 
------------------------------------------------------

യാത്ര നഷ്ടസ്വപങ്ങളുടെ ഭാണ്ഡവുമായി

കുന്നുകയറുകയാണ്

പണ്ടെങ്ങോ പെയ്ത മഴയില്‍

പൂപ്പലുപിടിച്ച പാറകളില്‍ ചവിട്ടി

മുന്നിലും പിന്നിലും

സഹയാത്രികര്‍ക്കു അടി തെറ്റുമ്പോഴും

താഴേക്കു വീണുപോകുമ്പോഴും

മുന്നോട്ടു നടക്കട്ടെ

ഈ കുന്നിനുമുകളില്‍ നിന്ന്

ആകാശത്തേയ്ക്ക് ഒരു ഗോവണിയുണ്ടെന്നു

പറഞ്ഞതാരായിരുന്നു ?

എല്ലായാത്രകളുടെയും ഉറവിടം

പ്രതീക്ഷകള്‍ മാത്രമാണ് 
-------------------------------------------------------

നിന്നോട് പറയാത്തത് 


എന്റെ ദിവാ സ്വപ്നങ്ങളില്‍ നിന്ന്

നിശാസ്വപ്നങ്ങളിലേയ്ക്ക്

നിന്നെ കടമെടുത്തപ്പോഴാണ്

നീയെന്റെ കാമുകിയായത്

വലതുകൈകൊണ്ട് ചേര്‍ത്തുപിടിച്ച്

സീമന്തരേഖയില്‍ എന്റെ

ചുംബന മുദ്രകള്‍ ചേര്‍ത്തുവെച്ചപ്പോഴാണ്

നീയെന്റെ ഭാര്യയായത്

നിലാവുള്ള രാത്രിയില്‍

എന്റെ വിരല്‍തുമ്പുതൊട്ടറിഞ്ഞ

കുഞ്ഞുമിടിപ്പുകളിലാണ്

നീയെന്റെ മകളായത്‌

എനിക്കും മകള്‍ക്കുമിടയില്‍

ഇരുവരെയും മാറി മാറി ചുംബിച്ച്

നീ ഉറങ്ങാതെ കാവലിരുന്നപ്പോഴാണ്

നീയെന്റെ അമ്മയായത്
------------------------------------------------------------------
 

9 comments:

 1. കവിതകളൊക്കെ വായിച്ചു കേട്ടോ
  എല്ലാം നന്നായിട്ടുണ്ട്

  ReplyDelete
 2. രുധിര സിന്ധൂരം അതെന്താണ്. വരികളൊക്കെ ഇഷ്ടമായി...ലളിതം.

  ReplyDelete
 3. തുടരുക പ്രയാണം , ആശംസകള്‍ നേരുന്നു .....

  ReplyDelete
 4. ഒന്ന് രണ്ടെണ്ണം fbയില്‍ തന്നെ വായിച്ചതായിരുന്നു. എല്ലാം നല്ല വരികള്‍ ( എനിക്കറിയാത്ത എന്ത് നീ ചെയ്താലും അതൊക്കെ നല്ലത്.. ;) )
  തുടരുക സുഹൃത്തേ.. :)

  ReplyDelete
 5. ഇതൊരു രണ്ടു പോസ്റ്റിനുള്ള വക ഉണ്ടല്ലോ ചങ്ങാതി
  നല്ല കവിതകൾ ആശംസകൾ

  ReplyDelete
 6. This comment has been removed by a blog administrator.

  ReplyDelete
 7. nalla varikal. oru theme anusarichu set cheyyaamaarunnu
  ചുട്ടുപൊള്ളുന്ന വേനലില്‍

  മനം കുളിര്‍ത്ത മന്സൂണില്‍

  ivide mansoonil ennathi nu pakaram mazhayil ennakkiyaal nannaville?

  ReplyDelete
 8. അഹങ്കാരി ഒത്തിരി ഇഷ്ടമായ് ...

  ReplyDelete