കനല്‍ ചാട്ടം ,തീ ചാട്ടം എന്നൊക്കെ പറയും പോലെ ഇതു ഞങ്ങളുടെ ഭാഗത്തേക്കുള്ള ഒരു ആചാരം ആണെന്നൊന്നും കരുതരുത് എന്ന് ആദ്യമേ പറയട്ടെ ,,ഈ കഥ പറയണമെങ്കില്‍ ആദ്യം എന്നെ കുറിച്ചും എന്റെ കളി കൂടുകാരനെ കുറിച്ചും പറയണം."സിറ്റി"എന്ന് ഞങ്ങള്‍ ഓമനപേരിട്ടു വിളിക്കുന്ന ഞങ്ങളുടെ മനോഹരമായ ആ നാട്ടില്‍ ഏതാണ്ട് പതിരിരുത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍ബ് ഈ " മഹാനായ " ഞാന്‍ ഭൂജാതനായി .ത്രിശൂര്‍ പൂരത്തിന് കുടമാറ്റം എന്ന് പറഞ്ഞ പോലെ ഞാന്‍ ജനിച്ചു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവന്റെ ഉമ്മ അവനെയും പ്രസവിച്ചു.ജനിച്ച അന്ന് മുതല്‍ എന്നെ കൊണ്ട് ആകുന്ന അത്ര ഉച്ചത്തില്‍ കരഞ്ഞ്(പിന്നീട് പലനിലക്കും) ഞാന്‍ എന്റെ അയല്‍വാസികളെ ശല്യപെടുത്തിയിരുന്നു എന്നാണ് എന്നെ പറ്റി ആബാലവൃദ്ധം എന്റെ അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നത്,അങ്ങിനെ ഒരു സംഭവം നടന്നതായി യാതൊരു ഓര്‍മയും ഇല്ലാത്തതിനാല്‍ ഞാന്‍ അതിനെ ശക്തമായി എതിര്‍ത്തു പോന്നു .ഞാന്‍ പൊതുവേ"ശാന്ത"സ്വഭാവക്കാരന്‍ ആയതു കൊണ്ട് അടി ,പിച്ച് ,നുള്ള് തുടങ്ങിയ മര്‍ദന മുറകള്‍ പതിവായി കിട്ടി പോന്നു,അവന്‍ ഈ സമയമത്രയും നല്ല കുട്ടി ചമഞ്ഞ മതിലില്‍ ഇരുന്നു പുളിങ്ങയോ ,,മാങ്ങയോ തിന്നു എന്നെ പരിഹസിച്ചു.ഒപ്പം പഠിച്ചു,ഒപ്പംവളര്‍ന്നു.കാലം പോകെ പോകെ അവന്റെ ഈ നല്ലപിള്ള ഇമേജ് എനിക്ക് കുരിശാകുന്നു എന്ന് എനിക്ക് മനസ്സിലായി ,തൊട്ടതിനും പിടിച്ചതിനും ഞങ്ങളെ തരതമ്യം ചെയ്താല്‍ ഞാന്‍ എങ്ങനെ സഹിക്കും?
അങ്ങിനെ ഇരിക്കെയാണ് വീണ്ടും ആഞ്ഞളില്‍ നേര്ച്ച വന്നത്.സാധാരണ അച്ഛന്റെ കൂടെ പോകാറുള്ള ഞാന്‍ ആ കൊല്ലം ഒറ്റക്കാണ് പോയത് (അച്ഛന്‍ അന്ന് വേറെ എന്തോ തിരക്കിലായിരുന്നു എന്നത് മാത്രമല്ല ഞാന്‍ വലിയ ആളായി എന്ന് എന്നെ തന്നെ ബോധിപ്പിക്കുക എന്ന ഒരു ഗൂഢ ഉദ്ദേശ്യം അതിനു പിന്നില്‍ ഉണ്ടാരുന്നു).ഞാന്‍ അവനോടു കൂടി പറയാതെ ആണ് പോയത്.യാറത്തില്‍ കടുക് എറിഞ്ഞാല്‍ വീട്ടിലെ ഉറുമ്പ് ശല്യംമാറും എന്ന ഒരു വിശ്വാസം ഉണ്ട് .ഞാന്‍ അങ്ങിനെ കടുകെറിയുന്നവരെ ഓക്കേ കണ്ടു ചൂടുള്ള കോഴിക്കോടന്‍ മിട്ടായി പാത്രത്തില്‍ നോക്കി ഇവിടെ കടുകെറിഞാല്‍ വീട്ടിലെ ഉറുമ്പ് എങ്ങനെ പോകും എന്ന് ഗാഡമായ ചിന്തയില്‍ മുഴുകി നില്ക്കുമ്പോള്‍ ആണ് അവന്‍ വന്നത്.
"അപ്പറത്ത് ബാന്‍ഡ്അടി ഇണ്ട് ഇജ്ജു ണ്ടോ ? "
അവന്‍ എന്നോട് ചോദിച്ചു.കഴിഞ്ഞ പരീക്ഷക്ക് അവനെക്കാള്‍ മാര്‍ക്ക് കിട്ടിയ അഹങ്കാരത്തില്‍ ഞാന്‍ പറഞ്ഞു
"ഞാന്‍ ല്ല ,ഇക്ക് നേരത്തെ വീട്ടില്‍ പോയിട്ട് പഠിക്കണം,,,,"
"എടാ അണക്കറിയഞ്ഞിട്ടാ,,ഓല് തിജ്ജോണ്ടോക്കെ അടിക്കും,തിജ്ജു തിന്നും ,,ഭയങ്കര ജോര്‍ പരിപാടിയാ,,"
ഈ ചെറുക്കന്‍ എന്നെ കേടുവരുത്തിയെ അടങ്ങൂ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു
"എങ്ങനെ പോവ്വും ,ചാത്തപ്പന്‍ എടോഴിക്കൂടെ പോണ്ടേ?"
എനിക്ക് ഒരു സംശയം
"ഇന്റെല് ടോര്‍ച്ചുണ്ട്"
അവന്‍ പോക്കെറ്റില്‍ നിന്ന് മനോഹരമായ ഒരു ഗള്‍ഫ് ടോര്‍ച് എടുത്തു കാണിച്ചു (അവന്റെ ബാപ്പ ഗള്‍ഫിലാണ് )"ഉം" ഞാന്‍ സമ്മതം മൂളി .എനിക്ക് ഭയങ്കര "ദൈര്യ" മാണേങ്കിലും അവന്‍ കൂടെ ഉണ്ടല്ലോ .അങ്ങിനെ ബാന്‍ഡ്അടി ഓക്കേ കണ്ടു ,,വായില്‍ മണ്ണെണ്ണ ഒഴിച്ചിട്ടു ഊതിയാല്‍ അയാള് ചെയ്ത പോലെ വലിയ തീ വട്ടം വരും എന്നാ വലിയ തത്വം മനസ്സിലാക്കിയ സന്തോഷത്തില്‍ ഞങ്ങള്‍ തിരിച്ചു പോരാന്‍ തുടങ്ങി.അപ്പോളാണ് എന്റെ പോക്കെറ്റില്‍ ഉള്ള രണ്ടു രൂപയെ കുറിച്ച് ഓര്‍ത്തത്,അവന്റെ മുന്നില്‍ ഒന്ന് പോങ്ങുക എന്ന എന്റെ ലക്‌ഷ്യതിനു വേണ്ടി ഞാന്‍ ഒരു മത്തങ്ങ ബലൂണ്‍ വാങ്ങി ,,അത് തരുമ്പോള്‍ എന്നെ നോക്കി അയാള് ചിരിച്ച ആ വളിച്ച ചിരിയുടെ അര്‍ഥം എനിക്കന്നു മനസ്സിലായില്ല
അങ്ങനെ ഞങ്ങള്‍ താരതമ്യേനെ വെളിച്ചമുള്ള റോഡ് മുറിച്ചു കിടന്നു കുപ്രസിദ്ധമായ ചാത്തപ്പന്‍ ഇടവഴിയിലേക്ക് പ്രവേശിച്ചു.ആ വഴിക്ക് എങ്ങിനെ ആ പേര് വന്നു എന്നറിയില്ല.ആരോ ഇവിടെ ചത്തെന്നോ ,കൊന്നെന്നോ ഓക്കേ കേട്ടിടുണ്ട് ,പോരാത്തതിന് മൊത്തം മരങ്ങള്‍ മൂടി പകല്‍ പോലും നല്ല വെളിച്ചം കിട്ടാത്ത സ്ഥലവും.ഞാന്‍ എന്റെ സ്വന്തം മത്തങ്ങാ ബലൂണില്‍ തട്ടി കളിക്കുക ആണ് ഇടക്ക് തട്ടാനുള്ള അവന്റെ ശ്രമം പരാജയപെടുത്തിയതിന്റെ ആത്മനിര്‍വൃതിയുമായി ഞാന്‍ നടന്നു,അവന്‍ പോക്കെറ്റില്‍ നിന്ന് ടോര്ച്ചെടുത്തു.ഗള്‍ഫ് ടോര്‍ച്ചിന്റെ മുന്നില്‍ എന്ത് ബലൂണ്‍ ? അവന്‍ എന്റെ മുഖതെക്ക് പുച്ഛം വാരി വിതറി കൊണ്ട് ടോര്‍ച്ചു കത്തിച്ചു.ലൈറ്റ് ഉണ്ട് ഇല്ലയോ എന്ന് പോലും മനസ്സിലാകാത്ത തരത്തില്‍ മങ്ങിയ വെളിച്ചം .അവന്‍ തലയില്‍ കൈ വെച്ചു പറഞ്ഞു" പടച്ചോനെ ചാര്‍ജ് ഇല്ല" .ഒരേ സമയം എന്റെ തലയില്‍ ഒരു നൂറു വാള്‍ട്ട് ബള്‍ബ് കത്തുകയും അപ്പോള്‍ തന്നെ ഫ്യൂസ് ആകുകയും ചെയ്തു.ടോര്‍ച്ചു കത്താഞ്ഞത് നന്നായി,പക്ഷെ എങ്ങിനെ പോകും ?ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ നടക്കാന്‍ തിരുമാനിച്ചു.ഞാന്‍ മുന്നില്‍ നടക്കാം എന്ന് പറഞ്ഞു ,,മുന്നില്‍ നടന്നാല്‍ വല്ലോം കണ്ടാല്‍ തിരിഞ്ഞോടം,,പിറകില്‍ നിന്ന് ആരേലും പിടിച്ചാലോ ?,അങ്ങിനെ ഞങ്ങള്‍ മെല്ലെ മേല്ലേ നടക്കാന്‍ തുടങ്ങി ,ഈ സമയത്ത് അവന്‍ രാത്രി യില്‍ എഴിലം പാല എന്നാ സീരിയലിന്റെ കഥ പറയാന്‍ തുടങ്ങി (ദുഷ്ടന്‍ )ഞാന്‍ എല്ലാം മൂളി കേള്‍ക്കുന്നുഎന്ന് ഭാവിച്ചു നടന്നു.ഇടവഴി കൂടുതല്‍ ഇടുങ്ങി വന്നു രണ്ടു വശത്തും മുള്ള് വേലി ആണ് ,,അന്ന് ഒടുക്കത്തെ ഇരുട്ടും ,,എന്തൊക്കെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്,കഥ പറഞ്ഞ ക്ഷീണത്തില്‍ അവന്‍ പാടാന്‍ തുടങ്ങി,പുതുമഴയായി വന്നു നീ ,,,,,അവന്റെ ചെവികല്ല് നോക്കി ഒന്ന് കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചു പിന്നെ എങ്ങിനെ ഇവിടെനിന്ന് രക്ഷപെടണം എന്നാലോചിച്ചു.സമയം പോകും തോറും നടത്തത്തിന്റെ വേഗത കുറഞ്ഞും ,,പേടി കൂടിയും വന്നു
.,,,,,,,,,,,,,,,,,,,,,,,,,,,,,ട്ടോ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പെട്ടന്നാണ് ഒരു ശബ്ദം ,,,ഓടിക്കോ എന്ന് പറയലും ഞാന്‍ ഓടി ഓട്ടത്തിനിടക്ക് ഞാന്‍ തട്ടി വീണു അവന്‍ എന്റെ പുറത്തുകൂടെ കേറി ഓടി,സത്യത്തില്‍ എന്തിനാണ് ഓടിയത് എന്ന് എനിക്കോ അവനോ അറിയില്ല ,,ഞാന്‍ വേഗം ചാടി എണീറ് നേരെ വീടിലെക്കോടി .ഇടവഴി തീരുന്നിടത് ഒരു വളവുണ്ട് ആ വളവു തിരിഞ്ഞാല്‍ റോഡ് ആണ് നേരെ സ്രാജുകാക്കാന്റെ വീടിലെ ആള്‍മറയില്ലാത്ത കിണറും .ഞാന്‍ അവിടെ എത്തിയപ്പോള്‍ ഒന്ന് ശ്രദ്ധിച്ചിട്ടാണ് ഓടിയത് .ആരോടും ഒന്നും പറഞ്ഞില്ല .വീട്ടില്‍ വന്നു വേഗം ഉറങ്ങി .
രാവിലെ എണീറ്റപ്പോള്‍ ആണ് കാര്യങ്ങള്‍ അറിഞ്ഞത് അവന്‍ കിണറ്റില്‍ വീണു,,കയ്യിനു പൊട്ടുണ്ട്.ഞാന്‍ ചെന്നപ്പോള്‍ അവന്‍ കിടക്കുകയാണ് ,ഞാന്‍ ചോദിച്ചു
"എന്തെയി? അനക്ക് അവടെ കിണറുണ്ട് ന്നറില്ലേ"
"വളവൊടിക്കാന്‍ മറന്ന്"
എനിക്ക് ചിരി ആണ് വന്നത് ,അവന്റെ ഉമ്മ ഉണ്ടാക്കി തന്ന കലക്കന്‍ പാല്‍ചായയും പൂവടയും തിന്നു ഉമ്മറത്തിരുന്നു ഞാന്‍ പറഞ്ഞു
"എന്താപ്പോ അവിടെ ഇത്ര പേടിക്കാന്‍ ഓടണ്ട കാര്യം ഒന്നും ഇല്ലാര്‍ന്നു ,,ഒറ്റക്കല്ലല്ലോ ഞാനും ഇല്ലേ ? (അവന്‍ കേള്‍ക്കാതെ ആണ് പറയുന്നത് ).
അവന്റെ ഉമ്മ അകത്തേക്ക് നോക്കി പറഞ്ഞു
"അയന് ഈ ഹമ്ക്കിനു വല്ലിച്ച ഉസിരുണ്ടോ,,,ഇജ്ജും ഒന്ടൊപ്പം ഇന്ടയിട്ടും കൂടി ഓന്‍ ഓടില്ലേ ,,എങ്ങനെ ഈ ഹിമാര് ജീവിക്കാന്‍ കണ്ടുക്കണത്"
ഏതോ യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ ഞാന്‍ എന്റെ വീടിലേക്ക് നടന്നു ,അപ്പോളും ഞാന്‍ ഓര്‍ത്തത് എന്റെ ബലൂണ്‍ എവിടെ പോയി എന്നാണ്
നാടന്‍ പദ പ്രയോഗങ്ങള്
ഇജ്ജു = നീ
ഇക്ക് = എനിക്ക്
ഓല് = അവര്‍
തിജ്ജ് = തീ
ജോറ് = നല്ല
എടോഴി= ഇടവഴി
എന്തെയി= എന്തെ
അനക്ക് = നിനക്ക്
ഉശിര് =ദൈര്യം
വല്ലിച്ച = വല്ല