(ഗുല്‍മോഹറില്‍ വന്ന എന്റെ കഥ)
ഞാന്‍ ഇപ്പോള്‍ ഈ ഊടുവഴികളും ചേരികളും താണ്ടി നടന്നു പോകുന്നത് എന്റെ കഥയിലെ നായകന്റെ വീട്ടിലേയ്ക്കാണ്. പ്രശസ്തമായ ഒരു മാഗസിന്റെ കഥാരചന മത്സരത്തില്‍ വിജയിയായതിനു ലഭിച്ച ചെക്ക് ഇന്നലെയാണ് മാറികിട്ടിയത്. പലപ്പൊഴും ആയിരത്തിന്റെ പച്ചനോട്ടുകള്‍ക്കു നഷ്ടങ്ങളുടെ പകരമാകാന്‍ കഴിയില്ല എന്നറിയാമെങ്കിലും.ഒരു പാട് ദൂരമുണ്ട് നടക്കാന്‍, മുഷിപ്പകറ്റാന്‍ ഞാന്‍ അവന്റെ കഥ പറയാം. അവന്‍ രാഹുല്‍. പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു ബീഹാറിപയ്യന്‍. ഹോസ്പിറ്റല്‍ ലൈഫിന്റെ മുഷിപ്പിനിടയില്‍ ഏതോ നൈറ്റ് ഡ്യൂട്ടിക്കിടയിലാണ് അവന്‍ ആദ്യമായി സംസാരിക്കുന്നത്. അന്നു വരെ അവന്‍ പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഒരു കൊലപ്പുള്ളി മാത്രമായിരുന്നു, പലപ്പോഴും അടുത്ത് പോകാന്‍ പോലും ഭയന്നിരുന്നു. കാന്‍സര്‍ വാര്‍ഡിലെ ഇരുമ്പുകട്ടിലില്‍ തുന്നികെട്ടിയ തലയുമായി ഇരുന്ന അവന്‍ ഒരു കുറ്റവാളിയാണെന്ന് എനിക്ക് വിശ്വാസം വന്നില്ല.അന്ന് രാത്രി അവന്‍ അവന്റെ കഥ പറഞ്ഞു. സുഖമില്ലാത്ത അമ്മയുടെ ചികിത്സക്കു വേണ്ടിയാണു അവന്‍ ആ സ്കൂള്‍ ജീവിതം അവസാനിപ്പിച്ച് ആ പലചരക്ക് കടയില്‍ ജോലിക്ക് കയറിയത്, ജീവിതത്തില്‍ സ്വപനങ്ങള്‍ വീണ്ടും വിരുന്നെത്തുകയായിരുന്നു . രാത്രി വൈകും വരെ ജോലി കഴിഞ്ഞാല്‍ മറ്റു ജോലിക്കാര്‍കൊപ്പം കടയ്ക്കുള്ളില്‍ തന്നെ ഉറക്കം. ഏതോ നശിച്ച ഒരു രാത്രിയില്‍ കടയ്ക്കുള്ളില്‍ വെച്ച് മുതലാളി കുത്തേറ്റു മരിച്ചു. കട കൊള്ളയടിക്കപെട്ടു. തെളിവുകളും സാക്ഷികളും ഇല്ലാത്ത കേസില്‍ സംശയത്തിന്റെ പേരില്‍ അവനും പ്രതിയായി.ഈ വഴിയിവിടെ അവസാനിക്കുകയാണ്. അവിടെ കാണുന്ന ആ ചെറിയ ഷെഡ് ആണ് അവന്റെ വീട്. ഒരു മഴയ്ക്ക് നിലം പതിച്ചേക്കാവുന്ന ഒരു കൂര. മുറ്റത്തെത്തി മുരടനക്കിയപ്പോള്‍ അവന്റെ അമ്മ ഇറങ്ങി വന്നു. കണ്ടപാടെ അവര്‍ “ബേട്ടീ…!” എന്ന് വിളിച്ചു കരയാന്‍ തുടങ്ങി. പിന്നെ ധൃതിയില്‍ കണ്ണ് തുടച്ച് എന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി വരാന്തയിലെ പഴയ കയറ്റു കട്ടിലില്‍ ഇരുത്തി. ഒരു ചായ തരാന്‍ പോലും കഴിയാത്തതില്‍ അവര്‍ സങ്കടപെട്ടപ്പോള്‍ ഞാന്‍ അവരെ എന്റെ അരികില്‍ ഇരുത്തി. കയ്യില്‍ കരുതിയ നോട്ടുകള്‍ അവരുടെ കയ്യില്‍ വെച്ചു കൊടുത്തു. അവര്‍ അതില്‍ നോക്കി വിങ്ങി പൊട്ടിയപ്പോള്‍ ശ്രദ്ധ തിരിക്കാനായി ഞാന്‍ അവന്റെ ഒരു ഫോട്ടോ ചോദിച്ചു. പഴയ തുണികെട്ടുകള്‍ക്കിടയില്‍ നിന്ന് അവര്‍ എനിക്ക് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ തന്നു. അവന്റെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് നോക്കി ഇരിക്കുമ്പോള്‍ ഫോട്ടോയ്ക്ക് ജീവന്‍ വെയ്ക്കുന്ന പോലെ തോന്നി.യാത്ര പറഞ്ഞിറങ്ങി തിരിച്ചു നടക്കുകയാണ്. സമയം സന്ധ്യയായിരിക്കുന്നു. ചക്രവാളത്തിലെ അരുണിമ, പടര്‍ന്നൊലിച്ച അവന്റെ രക്തത്തെ ഓര്‍മപെടുത്തിയപ്പോള്‍ ഞാന്‍ ഇരുളിലേയ്ക്കു നോക്കി നടക്കാന്‍ തുടങ്ങി. ഓര്‍മകളില്‍ അവന്‍ നിറയുകയാണ്. ജയിലില്‍ തലചുറ്റിവീണപ്പോഴാണ് അവന്‍ ആ ഹോസ്പിറ്റലില്‍ എത്തിക്കപ്പെട്ടത്. തലയില്‍ ട്യുമര്‍ വളരുന്നു എന്ന് കണ്ടെത്തിയപ്പോള്‍ സര്‍ജറി ചെയ്തു. തിരിച്ചു ജീവിതത്തിലേക്ക് വരുന്ന ദിവസങ്ങളില്‍ ആണ് ഞാന്‍ അവനെ പരിചയപ്പെട്ടത്. അതിന്റെ പിറ്റേന്നാണ് അവന്റെ അമ്മ വിവരമറിഞ്ഞ് വന്നത്. അവന്റെ കിടപ്പുകണ്ട് തളര്‍ന്നുവീണ ആ അമ്മ, ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് അവനെ തിരിച്ചു ജയിലില്‍ വിടരുതേ എന്നായിരുന്നു. പലപ്പോഴും വരാന്തയില്‍ ഇരുന്ന് പഴയ ഓയില്‍ സാരി കൊണ്ട് കണ്ണ് തുടയ്ക്കുന്ന അവരെ ഞാന്‍ കണ്ടിട്ടുണ്ട്, അവന്റെ മുന്നില്‍ അവര്‍ ചിരിച്ചു, കളി പറഞ്ഞു , ഭക്ഷണം നല്‍കി, ഉറക്കി. അവനു കാവല്‍ നിന്നിരുന്ന പോലീസ്കാര്‍ ഒരിക്കല്‍ പോലും അവരെ തടഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.നേരം ഇരുട്ടിയിരിക്കുന്നു . ഞാനും ഈ മഹാനഗരത്തിന്റെ നിയോണ്‍ വെളിച്ചത്തില്‍ ഒരു ചെറിയ പ്രാണിയാകുന്നു. ഒരു പാട് ദിവസത്തെ ലീവിന് ശേഷം ഇന്ന് വീണ്ടും ജോലിക്ക് ജോയിന്‍ ചെയ്യുകയാണ്. ഹോസ്പിറ്റലിന്റെ വലിയ ഗേറ്റ് കടന്നപ്പോള്‍ അപരചിതത്വം തോന്നി. എല്ലാവരെയും കണ്ടു പരിചയം പുതുക്കി യുനിഫോം ഇട്ടു ജോലിയ്ക്ക് കയറി. റൌണ്ട്സിനിറങ്ങിയപ്പോള്‍ പന്ത്രണ്ടാം നമ്പര്‍ മുറി മാത്രം ഒഴിഞ്ഞു കിടക്കുന്നു. അവനു ശേഷം ആരും വന്നിട്ടില്ലത്രേ. വാതില്‍ മെല്ലെ തുറന്നു ഞാന്‍ അകത്തേയ്ക്ക് നോക്കി, അവന്‍ ചുമരും ചാരി ഇരുന്ന് ‘ബഹന്‍..!’ എന്ന് വിളിക്കുന്ന പോലെ തോന്നി. വാതില്‍ അടച്ചു അവിടെ നിന്ന് ഓടുകയായിരുന്നു. വാഷ്‌റൂമിലെ കണ്ണാടിയില്‍ മുഖം നോക്കാന്‍ പോലും ഭയം തോന്നി .തിരിച്ചുഡ്യുട്ടി റൂമില്‍ എത്തിയപ്പോള്‍ ആ മാഗസിന്‍ കിടക്കുന്നു. അവനെ കുറിച്ച് ഞാന്‍ എഴുതിയ കഥയും. വെറുതെ മറിച്ചു നോക്കി. ഏതോ ചിത്രകാരന്‍ വരച്ച പെന്‍സില്‍ ഡ്രോയിംഗ് അവനെ ഓര്‍മിപ്പിക്കുന്നു. ആ കഥയിലെ കൂട്ടിചേര്‍ക്കലുകളും പ്രണയവും വായിച്ചു തീര്‍ന്നപ്പോള്‍ കുറ്റബോധം തോന്നി. ഒരു കഥയ്ക്കുവേണ്ടി അവന്റെ ജീവിതം വളച്ചൊടിച്ചതില്‍ സ്വയം വെറുപ്പ് തോന്നി. മാഗസിന്‍ തിരിച്ചു വെയ്ക്കുമ്പോഴാണ് ശിവനെ കണ്ടത് . അവന്‍ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു പോയി. അവന്‍ എന്തിനെയാണ് ഭയപെടുന്നത്? രാഹുലിനെ എന്നെ പോലെ തന്നെ ഇഷ്ടമായിരുന്നു ശിവനും. കുറെ ദിവസം അവനും ലീവ് ആയിരുന്നു എന്ന് കേട്ടിരുന്നു.ആ ദിവസം ഇപ്പോഴും ഓര്‍മയില്‍ ഉണ്ട്. രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ ആണ് ഡോക്ടര്‍ അവനെ ഡിസ്റ്റാര്‍ജ് ചെയ്യുന്ന കാര്യം പറഞ്ഞത് . അവന്‍ പൂര്‍ണ്ണ ആരോഗ്യവാനയിട്ടും ഈ മൂന്നുമാസം അവനെ ഡിസ്റ്റാര്‍ജ് ചെയ്യാതിരുന്നതില്‍ ഡോക്ടറുടെ പങ്ക് മറ്റുള്ളവരെക്കാളും അറിയാവുന്നതിനാല്‍ ഒന്നും പറയാന്‍ തോന്നിയില്ല. നിരപരാധിയാണെന്ന ഉത്തമ ബോധ്യത്തോടെ അവനെ ജയിലില്‍ വിടാന്‍ എല്ലാവര്‍ക്കും സങ്കടം ഉണ്ടായിരുന്നു. അവന്റെ റൂമിന്റെ വാതിലില്‍ ചെന്നുനോക്കിയപ്പോള്‍ അവനെ കൊണ്ട് പോകാന്‍ തുടങ്ങുകയായിരുന്നു. കൈകളില്‍ വിലങ്ങുവെച്ചിരുന്നു. മുഖത്തേയ്ക്കു നോക്കിയപ്പോള്‍ അവന്‍ ദയനീയമായി ചിരിച്ചു. അരികില്‍ ചെന്ന് അവന്റെ മുടിയിഴകളില്‍ വിരലോടിച്ചുനെറ്റിയില്‍ ചുംബിച്ച് ഞാന്‍ പുറത്തേയ്ക്ക് ഓടി. കണ്ണുകള്‍ നിറഞ്ഞ് മുന്നിലെ വഴികള്‍ നഷ്ടമാകുന്നുണ്ടായിരുന്നു. അവന്റെ അമ്മ അപ്പോഴും പുറത്തിരുന്നു കരയുന്നുണ്ടായിരുന്നു.കണ്ണീരു മുഴുവന്‍ ഷവറിനുകീഴെ കരഞ്ഞു തീര്‍ത്ത് റൂമില്‍ വന്നപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു കൊണ്ടേ ഇരുന്നിരുന്നു. മറുതലയ്ക്കല്‍ നിന്നുകേട്ട വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതായിരുന്നു. കൊടുങ്കാറ്റിന്റെ വേഗത്തില്‍ ഹോസ്പിറ്റല്‍ ഗേറ്റ് കടന്നു ചെന്നപ്പോഴേക്കും അവന്‍ അവസാന ശ്വാസം വലിച്ചിരുന്നു. ജയിലേക്ക് ഇറങ്ങാന്‍ സമയം മൂത്രമൊഴിക്കാന്‍ എന്ന് പറഞ്ഞ് നടന്ന അവന്‍ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു എന്ന് കൂടി നിന്ന ആരോ പറഞ്ഞു. എന്റെ കണ്ണുകള്‍ മറഞ്ഞു പോകുന്നതും ഭൂമി കൂടുതല്‍ വേഗത്തില്‍ തിരിയുന്നതും ഞാന്‍ അറിഞ്ഞു.ബോധം വന്നപ്പോള്‍ ഡ്രിപ്പ് ഇട്ടിരുന്നു. കഴിഞ്ഞ ശേഷം ഹോസ്പിറ്റലില്‍ നിന്നിറങ്ങുമ്പോള്‍ ഹൗസ് കീപ്പിങ്ങിലെ ലളിതച്ചേച്ചി ടൈല്‍സില്‍ കട്ട പിടിച്ച ചോര കഴുകികളയുകയായിരുന്നു.അവന്റെ ചോര തെറിച്ചെന്നപോലെ അരികില്‍ ഒരു പിടി തെച്ചിപൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു.കഥ പറഞ്ഞ് നേരം പുലര്‍ന്നതറിഞ്ഞില്ല. ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു. ലിഫ്റ്റില്‍ കയറിയപ്പോള്‍ ശിവന്‍ ഓടി വന്നു. മലയാളികള്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തി അവന്‍ പറയാന്‍ തുടങ്ങി. രാഹുല്‍ മരിച്ച അന്ന് രാവിലെ റൂമില്‍ ചെന്നപ്പോള്‍ അവന്‍ ശിവന്റെ കൈ പിടിച്ചു കരഞ്ഞതും, ജയിലിലേക്ക് പോകാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചതും അവന്‍ പറഞ്ഞു. പോകുന്നതിനു മുന്‍പ് എന്തെങ്കിലും ചെറിയ പരിക്കുണ്ടാക്കിയാല്‍ മതി എന്ന് ചെവിയില്‍ രഹസ്യം പറഞ്ഞ് തിരിച്ചുപോന്ന ശിവന്‍ പിന്നെ കേട്ടത് അവന്റെ മരണവാര്‍ത്തയായിരുന്നു. കുറ്റബോധം കൊണ്ട് കരച്ചിലിന്റെ വക്കത്തുള്ള അവനെ ആശ്വസിപ്പിച്ചു. മറ്റാരോടും ഇക്കാര്യം പറയണ്ട എന്ന് ഓര്‍മിപ്പിച്ചിട്ടു തിരിച്ചിറങ്ങി നടക്കുമ്പോള്‍ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. മറുതലയ്ക്കല്‍ കഥയ്ക്കുള്ള അഭിനന്ദനങ്ങളാണ്, ചോരതുടിക്കുന്ന ഒരു കഥ എന്നൊക്കെ നിരൂപകര്‍ പോലും പറയുമ്പോള്‍ ഒരു അമ്മയുടെ കണ്ണീരാണ് ഞാന്‍ വിറ്റതെന്ന് എനിക്കുമാത്രമറിയാം. ഇപ്പോള്‍ നിങ്ങള്‍ക്കും.
29 January 2014
കഥകള്‍ ഉണ്ടാകുന്നത്
21 December 2013
എന്റെ ഫേസ്ബുക്ക് കവിതകള്‍
കുമ്പസാരം
മകരസന്ധ്യ നിന്‍ കവിള്‍ തുടുപ്പിച്ച
രുധിര സിന്ധൂരം വിരലാല്‍ തൊടുന്നു ഞാന്‍
തരളമധരത്തില്‍ നല്കാതെ പോയൊരാ
പ്രണയ ചുംബനം ഇന്നേറ്റു വാങ്ങു നീ
പ്രണയ സൌഗന്ധിക പൂക്കളോരുപാട്
പൂത്തിരുന്നു അന്നെന്റെ വാടിയില്‍
മധുര മദുവിന്റെ മത്തേറ്റുപാറവെ
കാണാതെ പോയി ഞാന്‍ നീ തന്ന സ്നേഹം
പച്ച മാവിന്റെ വിറകിന്റെ ചൂടില്‍
എന്‍ കരള്‍ പോലെ നീ കത്തിയമരും മുന്പ്
ഒന്നുമാത്രം ,ഇനി നിന്റെ നെറ്റിയില്‍
എന്റെ വിരലാല്‍ ഒരു നുള്ള് സിന്ദൂരം
-----------------------------------------------------
ആത്മകഥ
ഇനി എനിക്കായി ഒരു പകലില്ലെങ്ങില്‍
എഴുതാന്‍ മറന്ന എന്റ വാക്കുകളെ
ഞാന്‍ എന്ത് ചെയ്യും ?
ഈ രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍
നിറം പിടിക്കാത്ത പേനകൊണ്ട്
ഈ ആശുപത്രി കിടക്കയില്‍
കാര്‍ന്നു തിന്നുന്ന വേദനയില്‍
പൊട്ടിയൊലിക്കുന്ന കയ്യുമായി
എനിക്കിനി എഴുതി തീര്‍ക്കുവാനകുമോ
നിറം പിടിപ്പിക്കാത്ത ഒരു കഥ
എന്റെ ആത്മകഥ
-----------------------------------------
തെറ്റ്
ഹൃദയത്തിന്റെ ഭാഷ തര്‍ജമ ചെയ്തപ്പോളും
ചുണ്ടില്‍ നിന്ന് ഹൃദയത്തിലേക്കുള്ള ദൂരം
അളക്കാന്‍ ശ്രമിച്ചപ്പോളുമാണ് നമുക്ക്
-----------------------------------
ഉറവ
ഹൃദയത്തിന്റെ ആഴങ്ങളില്‍
പണ്ട് ഒരു വേനലില്‍ വറ്റിയ
പ്രണയത്തിന്റെ കുളിരുള്ള
ഒരു ഉറവയുണ്ടായിരുന്നു
ചോരുന്ന ക്ലാസ്സ്മുറിയില്‍
കണ്ണുകള്‍ പറഞ്ഞ കഥയില്‍
നാം കണ്ട സ്വപ്‌നങ്ങള്‍
എനിക്ക് തന്ന ഒരു കുളിരുറവ
ചുട്ടുപൊള്ളുന്ന വേനലില്‍
മനം കുളിര്‍ത്ത മന്സൂണില്‍
വസന്തത്തിന്റെ ആഘോഷങ്ങളില്‍
നാം നീന്തിതുടിച്ചത് അതിലായിരുന്നു
ഒടുവില്‍ ഒരു കണ്ണ് നീര്‍ത്തുള്ളി
പകരം നല്‍കി നീ നടന്നകന്നപ്പോള്‍
വീണുടഞ്ഞ പ്രണയത്തിന്റെ
പൊട്ടിയ സ്പടിക ചീളുകളും
വിണ്ടു കീറിയ മനസ്സിലെ
കട്ടപിടിച്ച ചോരത്തുള്ളികളും
കൊണ്ടാണ് അത് അടച്ചു കളഞ്ഞത്
ഇന്ന് നീ തുറന്നത് അതെ ഉറവയാണ്
ഒരു തുള്ളിയായ് ,പലതുള്ളിയായ്
ഹൃദയത്തില്‍ ഒഴുകി പരക്കുന്നത്
അതെ ഉറവയാണ്
എന്നില്‍ നിന്ന് നിന്നിലേക്കുള്ള
പ്രണയത്തിന്റെ വറ്റാത്ത ഉറവ
----------------------------------------
അഹങ്കാരി
മണ്ണില്‍ മുളയ്ക്കാന്‍ കൊതിച്ച കടുകിനെ
എണ്ണയിലാരോ പെറുക്കിയിട്ടു
തീ മൂത്ത ദേഷ്യത്തില്‍ പൊട്ടിത്തെറിച്ചവനെ
അഹങ്കാരി എന്ന് വിളിച്ചുലോകം
----------------------------------------------------------------------------------
നിന്നിലേക്ക്
നീണ്ടു പോകുന്ന മണ്‍പാതകള്‍
എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്
നിന്റെ കുഴിമാടം കണ്ടു
കാടുപിടിച്ച കരിങ്കല്‍ കല്ലറ
പൂത്തുനില്‍ക്കുന്ന കാട്ടുചെമ്പകം
വഴി വിരിച്ച് ഗുല്‍മോഹര്‍ പൂക്കള്‍
നീ ഉറങ്ങുകയാണ് ,,
എന്റെ സ്വപ്നങ്ങളെ
ചിന്തകളെ ,,തൂലികയെ
എന്റെ വാകുകളെ
കരിങ്കല്‍ തടവിലിട്ട് നീ ഉറങ്ങുകയാണ്
എന്നെ തോല്‍പ്പിച്ചു കൊണ്ട്
കാലത്തിന്റെ കല്‍പടവുകള്‍ കയറി
ഞാന്‍ നിന്റെ അരികിലെത്തും
അന്നു നീ എനിയ്ക്ക് തിരിച്ചു തരിക
നീ കവര്‍ന്നു പോയ മനസ്സിനെ
------------------------------------------------
തത്വം
കണ്ണുനീര്‍ത്തുള്ളികള്‍ വീണുനനഞ്ഞ
വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് നീ
കുത്തിയൊലിച്ചു പോയ പ്രണയത്തിന്റെ
മുറിവേരുകളില്‍ മരുന്നുവെയ്ക്കരുത്
ഒരു മഴക്കാലത്തിന്റെ ഇരുണ്ടരാത്രികളില്‍
കടപുഴകിഒഴുകി പോയതൊന്നും
വേനല്‍കാലത്ത് തിരിച്ച് ഒഴുകാറില്ല
----------------------------------------------------------
ഇനി ഞാന്‍ നടന്നകലട്ടെ
ഇനി ഞാന്‍ നടന്നകലട്ടെ
ഹൃദയത്തിന്റെ ഇരുളില്‍
ശ്വാസം മുട്ടി മരിച്ച എന്റെ
സ്വപ്നങ്ങളെ
കുഴിവെട്ടി മൂടിയ
തെമ്മാടികുഴിയിലൂടെ
ഇനി ഞാന്‍ നടന്നകലട്ടെ
ദൂരേക്ക്
ചക്രവാളങ്ങള്‍ക്ക്
അപ്പുറതേയ്ക്കു
ഒരു നിഴലിന്റെ രൂപം പുതച്ച്/
ഇനി ഞാന്‍ നടന്നകലട്ടെ
------------------------------------------
മഴപെയ്യുമ്പോള്‍
ഇത്ര കാലം പെയ്തത്
മഴമാത്രമായിരുന്നു
നിറമില്ലാത്ത
മണമില്ലാത്ത
രുചിയില്ലാത്ത
കുളിരില്ലാത്ത
വെറും മഴ
നാം ഒരുമിച്ചു നനഞ്ഞപ്പോള്‍
മഴവില്ലിന്റെ നിറം
ചെമ്പകത്തിന്റെ ഗന്ധം
തേനിന്റെ മധുരം
മകരത്തിന്റെ കുളിര്
മഴ അങ്ങിനെയാണ്
മനസ്സു പോലെ
------------------------------------------------------
യാത്ര
കുന്നുകയറുകയാണ്
പണ്ടെങ്ങോ പെയ്ത മഴയില്‍
പൂപ്പലുപിടിച്ച പാറകളില്‍ ചവിട്ടി
മുന്നിലും പിന്നിലും
സഹയാത്രികര്‍ക്കു അടി തെറ്റുമ്പോഴും
താഴേക്കു വീണുപോകുമ്പോഴും
മുന്നോട്ടു നടക്കട്ടെ
ഈ കുന്നിനുമുകളില്‍ നിന്ന്
ആകാശത്തേയ്ക്ക് ഒരു ഗോവണിയുണ്ടെന്നു
പറഞ്ഞതാരായിരുന്നു ?
എല്ലായാത്രകളുടെയും ഉറവിടം
പ്രതീക്ഷകള്‍ മാത്രമാണ്
-------------------------------------------------------
നിന്നോട് പറയാത്തത്
എന്റെ ദിവാ സ്വപ്നങ്ങളില്‍ നിന്ന്
നിശാസ്വപ്നങ്ങളിലേയ്ക്ക്
നിന്നെ കടമെടുത്തപ്പോഴാണ്
നീയെന്റെ കാമുകിയായത്
വലതുകൈകൊണ്ട് ചേര്‍ത്തുപിടിച്ച്
സീമന്തരേഖയില്‍ എന്റെ
ചുംബന മുദ്രകള്‍ ചേര്‍ത്തുവെച്ചപ്പോഴാണ്
നീയെന്റെ ഭാര്യയായത്
നിലാവുള്ള രാത്രിയില്‍
എന്റെ വിരല്‍തുമ്പുതൊട്ടറിഞ്ഞ
കുഞ്ഞുമിടിപ്പുകളിലാണ്
നീയെന്റെ മകളായത്
എനിക്കും മകള്‍ക്കുമിടയില്‍
ഇരുവരെയും മാറി മാറി ചുംബിച്ച്
നീ ഉറങ്ങാതെ കാവലിരുന്നപ്പോഴാണ്
നീയെന്റെ അമ്മയായത്
------------------------------------------------------------------
13 June 2013
ഞാനും ബ്രൂട്ടസും ,,,
കൂട്ടുകാരാ ,,,,
ഉറങ്ങാത്ത രാത്രിയില്‍
അറിയാതെ അടയുന്ന കണ്ണില്‍
ഭയപെടുത്തുന്ന സീസരിന്റെ സ്വപ്നമുണ്ട്
പിന്‍ കഴുത്തില്‍ ആഴത്തിലിറങ്ങുന്ന കത്തി
ചോരകൊണ്ട് ഗുരുതിതര്പ്പവണം
തലയില്ലാത്ത എന്റെ ജഡം
വ്യക്തമല്ലാത്ത നിന്റെ മുഖം
കൂട്ടുകാരാ ,,,,
നീ കൂടെ നടക്കുമ്പോള്‍
തോളില്‍ കൈ ചേര്ക്കുമ്പോള്‍
പിറകില്‍ ഒരു കട്ടാരി മുനയുണ്ടോ ?
നിന്റെ ചിരിയില്‍ ദ്രംഷ്ടകള്‍ ?
ഓരോ മുഖങ്ങള്‍ക്കിടയിലും ഞാന്‍
അവനെ തിരയുകയായിരുന്നു
ഒളിച്ചിരുന്ന തക്കം പാര്‍ക്കുന്നു
ആ ബ്രൂട്ടസിനെ
നിനക്ക് പിന്നില്‍ നടക്കുമ്പോള്‍
ഞാന്‍ എന്റെ കത്തി മറച്ചു പിടിച്ചു
നിന്റെ തല കുനിയുമ്പോള്‍ വെട്ടാന്‍
ഇപ്പോള്‍ എനിയ്ക്കും ബ്രൂട്ടസിന്റെ രൂപം
ഉറങ്ങാത്ത രാത്രിയില്‍
അറിയാതെ അടയുന്ന കണ്ണില്‍
ഭയപെടുത്തുന്ന സീസരിന്റെ സ്വപ്നമുണ്ട്
പിന്‍ കഴുത്തില്‍ ആഴത്തിലിറങ്ങുന്ന കത്തി
ചോരകൊണ്ട് ഗുരുതിതര്പ്പവണം
തലയില്ലാത്ത എന്റെ ജഡം
വ്യക്തമല്ലാത്ത നിന്റെ മുഖം
കൂട്ടുകാരാ ,,,,
നീ കൂടെ നടക്കുമ്പോള്‍
തോളില്‍ കൈ ചേര്ക്കുമ്പോള്‍
പിറകില്‍ ഒരു കട്ടാരി മുനയുണ്ടോ ?
നിന്റെ ചിരിയില്‍ ദ്രംഷ്ടകള്‍ ?
ഓരോ മുഖങ്ങള്‍ക്കിടയിലും ഞാന്‍
അവനെ തിരയുകയായിരുന്നു
ഒളിച്ചിരുന്ന തക്കം പാര്‍ക്കുന്നു
ആ ബ്രൂട്ടസിനെ
നിനക്ക് പിന്നില്‍ നടക്കുമ്പോള്‍
ഞാന്‍ എന്റെ കത്തി മറച്ചു പിടിച്ചു
നിന്റെ തല കുനിയുമ്പോള്‍ വെട്ടാന്‍
ഇപ്പോള്‍ എനിയ്ക്കും ബ്രൂട്ടസിന്റെ രൂപം
12 June 2013
ഭക്ത മീരയ്ക്ക്
മീരേ,,പ്രിയസഖി ,,,ഓര്ക്കു്ന്നുവോ
എന്നെ ?
അഗ്നിസാക്ഷിയായ് നിന്‍
കയ്യേറ്റവന്‍ ഞാന്‍
മധുരസ്വപ്നത്തിന്‍
മഴ വില്ലുരുക്കി
ആലിലത്താതാലി നിന്‍ കണ്ഠത്തില്‍
അണിയിച്ചവന്‍
കാര്‍വര്‍ണനല്ല ഞാന്‍ കാര്‍കുഴലുമില്ല
ചുണ്ടില്‍ പാലാഴി തീര്‍ക്കാന്‍ പൊന്മുളംതണ്ടുമില്ല
എങ്കിലും പ്രിയ സഖി നിനക്കായ്
ഞാന്‍ കാത്തു വെച്ചു
ഒരു
നാളും തൂവാതെന്‍ പ്രണയത്തിന്‍ നറുവെണ്ണ
നിഴല്‍ വീണുവിളറി വെളുത്ത പാല്‍രാവില്‍
യമുനതന്‍ ഓളം പോലും നിദ്രയില്‍
അമരുമ്പോള്‍
നീവരും
നേരം കാത്ത് അറിയാതെ മയങ്ങിപോയി
ഇനിയും വിടരാത്ത മുല്ലമൊട്ടുകളും
ഞാനും
കനകാംബരപ്പൂ മാല കൃഷ്ണനെ
അണിയിച്ച് ,
പൂജിച്ച് ,നിവേദിച്ച്,കൃഷ്ണഭക്തിയില്‍
വീണ്
മതി
മറന്നുറങ്ങുവാന്‍ മാത്രമായിരുന്നെങ്ങില്‍ പിന്നെ
എന്തിനെന്‍
സ്വപ്നം കോര്ത്ത് വരണമാല്യമേറ്റി?
തോഴിമാര്‍
ഏറെയുണ്ടീയന്തപുരത്തിങ്കല്‍ പക്ഷെ
നിന്‍ മിഴി കടാക്ഷ്ത്തിനേറെ
ഞാന്‍ ദാഹിച്ചു
ഒരു
വാക്കുമിണ്ടുവാന്‍,വിരലാല്‍
തലോടുവാന്‍
നെറുകയില്‍ പ്രണയത്തിന്റെ
സൂര്യകുങ്കുമം ചാര്ത്താന്‍
വിധിതന്‍ കള്ളചൂതില്‍ ഞാന്‍
വീണുപോയപ്പോള്‍
ഒരു പിടി
ചാരമായി ഞാന്‍ കത്തിയമരുമ്പോള്‍
അറിയാതെയെങ്കിലും സഖി
പിടഞ്ഞുവോനിന്‍ മനം?
ഉതിര്ന്നുവോ
നിന്കണ്ണില്നിന്നൊരു തുള്ളി കണ്ണുനീര്‍?
ലോകരെല്ലാം പാടി ,,നീ മഹാഭക്ത,,,
കൃഷ്ണകീര്ത്ത നം പാടി
കൃഷ്ണനലില്‍ ലയിച്ചവള്‍
ഒരു
ചോദ്യമിപ്പോളും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിപ്പൂ
അറിഞ്ഞിരുന്നുവോ നീ എന്‍
നെഞ്ചിലെ സ്നേഹം ?
Subscribe to:
Posts (Atom)